ജയ്പുർ: ഉദയ്പുർ കൊലപാതകത്തിൽ ഭീകരബന്ധമില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പ്രാഥമിക അന്വേഷണത്തിൽ ഭീകരബന്ധത്തിന് തെളിവില്ല. പ്രതികൾക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും അന്വേഷണ സംഘം അറിയിച്ചു.
കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ട്. തങ്ങളുടെ സമുദായത്തിൽ ഹീറോയാകാനാണ് പ്രതികൾ കൃത്യം നടത്തിയതെന്നും അന്വേഷണ ഏജൻസി പറയുന്നു. പ്രതികളായ റിയാസ് അഖ്താരിയെയും ഗൗസ് മുഹമ്മദിനെയും കസ്റ്റഡിയിൽ വാങ്ങിയ എൻഐഎ പ്രതികളെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി.
കുറ്റവാളികളിൽ ഒരാൾക്കു പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയുമായി ബന്ധമുള്ളതായും 2014ൽ പാക്കിസ്ഥാൻ സന്ദർശനം ന ടത്തിയതായുമാണ് വാർത്തകൾ പ്രചരിച്ചത്. കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
തയ്യൽക്കാരനായ കനയ്യ ലാൽ സാഹു എന്നയാളെയാണ് കൊല്ലപ്പെട്ടത്. കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങളുമായി രണ്ട് ചെറുപ്പക്കാർ സമൂഹ്യമാധ്യമങ്ങളിൽ കൊലവിളി നടത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചു ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം. സംഭവത്തിൽ സ്ഥലത്ത് സ്ഥലത്ത് 24 മണിക്കൂർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു.