മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ഡാൻസ് കളിച്ച് ആഘോഷിച്ച് വിമതവിഭാഗം എം.എൽ.എമാർ. ഗോവയിലെ ഹോട്ടലിൽ കഴിയുന്ന വിമത എം.എൽ.എമാരാണ് ഷിൻഡെ മുഖ്യമന്ത്രിയാകുന്നത് ഡാൻസ് കളിച്ച് ആഘോഷിച്ചത്. ആഘോഷത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. അസമിലെ ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് വിമതർ കഴിഞ്ഞ ദിവസം ഗോവയിലെത്തിയത്. ഏക്‌നാഥ് ഷിൻഡെയ്ക്ക് പിന്തുണ എഴുതി നൽകിയ 48 എം.എൽ.എമാരാണ് ഇവിടെയുള്ളത്. ഇവരിൽ ശിവസേന എം.എൽ.എമാർക്കൊപ്പം സ്വതന്ത്ര എം.എൽ.എമാരുമുണ്ട്. ഫട്‌നാവിസാണ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഫട്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ അപ്രതീക്ഷിതമായി ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് രാത്രി 7.30ന് രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേൽക്കും.