രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രധാന പ്രതികൾക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ്. ജയ്പൂരിൽ മാർച്ച് 30ന് സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തിട്ടുണ്ട്.
നബി വിരുദ്ധ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന്റെ പേരിലാണ് തയ്യൽക്കാരനെ വധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ഭീകരവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന് ആദ്യം മുതൽത്തന്നെ കേന്ദ്രം കരുതിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. മുമ്പ് ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐ എസ് ഭീകരൻ മുജീബുമായി ഈ കേസിലെ പ്രതി മുഹമ്മദ് റിയാസ് അക്താരിക്ക് ബന്ധമുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്ലാമി വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ റിമോട്ട് സ്ലീപ്പർ ഓർഗനൈസേഷനായ അൽസുഫയുമായി ഇവർ ബന്ധം പുലർത്തിയിരുന്നത്. ഉദയ്പൂരിലെ അൽ-സുഫയുടെ തലവനാണ് കേസിലെ പ്രധാന പ്രതി മുഹമ്മദ് റിയാസ് അക്താരി.