മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഫേസ്ബുക്ക് ലൈവിലാണ് ഉദ്ദവ് രാജി തീരുമാനം അറിയിച്ചത്. എൽഎംസി സ്ഥാനവും ഉദ്ദവ് രാജിവച്ചു.
മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ് താൻ നിലനിന്നതെന്ന് രാജി പ്രഖ്യാപനത്തിനിടെ ഉദ്ധവ് താക്കറെ പറഞ്ഞു. സഭയിലെ അംഗബലത്തേക്കാളും ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നതാണ് സഹിക്കാനാകാത്ത കാര്യമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് പല സ്ഥാനമാനങ്ങളും സ്വന്തമാക്കിയവര്‍ ഇന്ന് പാർട്ടിയുമായി വിദ്വേഷത്തിലാണ്. ഒന്നും ലഭിക്കാത്ത സാധാരണക്കാരായ ശിവസൈനികരാണ് പാർട്ടിക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നത് -ഉദ്ധവ് താക്കറെ രാജിപ്രഖ്യാപനത്തിനിടെ പറഞ്ഞു
അപ്രതീക്ഷിതമായാണ് താൻ അധികാരത്തിൽ എത്തിയത്. സമാനമായ രീതിയിൽ അധികാരം വിടുകയാണ്. താൻ എന്നെന്നേക്കുമായി പോകുന്നില്ല, ഇവിടെ ഉണ്ടാകും, ഒരിക്കൽ കൂടി ശിവസേന ഭവനിൽ ഇരിക്കും. തന്റെ എല്ലാ ആളുകളെയും ഒന്നിച്ചുകൂട്ടും. തന്നെ പിന്തുണച്ച എൻസിപിക്കും കോൺഗ്രസിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭയിൽ നാളെ രാവിലെ 11ന് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സുപ്രിം കോടതി അനുമതി നൽകിയത്. കോടതിയുടെ തീരുമാനം ശിവസേനക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ട അവസ്ഥ വന്നു. അതിന് കാത്തുനില്‍ക്കാതെയണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെക്കുന്നത്.