ഉദയ്പൂർ കൊലപാതകത്തിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജസ്ഥാൻ മന്ത്രി. കൊലപാതകത്തിന് കാരണമായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരെ സുഖമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ഇവരെ നാല് ദിവസത്തിനകം തൂക്കിലേറ്റണമെന്നും മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ് ആവശ്യപ്പെട്ടു.
രാജ്യത്ത് താലിബാനിസം അനുവദിക്കില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കൊലപാതകികളെ ശിക്ഷിച്ചില്ലെങ്കിൽ നാളെ അവർ നമ്മളേയും കൊല്ലുമെന്നും പ്രതാപ് സിംഗ് വ്യക്തമാക്കി. കനയ്യലാലിനെ ആക്രമിച്ചവരുടെ കൈകളിലുണ്ടായിരുന്ന ആയുധത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇവരുടെ മുഖം കണ്ടാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നവരാണെന്ന് തോന്നുന്നുവെന്നും ഇത്തരക്കാരെ കോടതി തൂക്കിലേറ്റുമെന്നും പ്രതാപ് സിംഗ് പറഞ്ഞു.
പാക് അനുകൂല തീവ്രവാദ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















