പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം സമൂഹമാധ്യമത്തിൽ പങ്കുവെച്ച തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അജ്മേർ ദർഗ തലവൻ. സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിൽ കനയ്യ ലാൽ ടേലി എന്നയാളാണു കൊല്ലപ്പെട്ടത്.
‘മാനവരാശിക്ക് എതിരായ ആക്രമണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‍ലാം പ്രത്യേകിച്ചും അങ്ങനെയാണ്, സമാധാനമാണ് അനുശാസിക്കുന്നത്. പാവപ്പെട്ടൊരാളെ ക്രൂരമായി മർദിക്കുന്നതാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ഇസ്‍ലാമിൽ ശിക്ഷ കിട്ടാവുന്ന പാപമാണത്. സംഭവത്തെ അപലപിക്കുന്നു. സർക്കാർ കർശന നടപടി സ്വീകരിക്കണം. താലിബാനിസ മനോഭാവം ഇന്ത്യയിലെ മുസ്‌ലിംകൾ അനുവദിക്കില്ല.’എന്ന് സൈനുൽ അബേദിൻ അലി ഖാൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.രാജ്യത്തെ നിയമത്തിനും മതനിയമങ്ങൾക്കും എതിരായ കാര്യമാണു ഉദയ്‍പുരിൽ സംഭവിച്ചതെന്നു ജാമിയത് ഉലമ–ഇ–ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിമുദ്ദീൻ ഖ്വാസ്‌മി പറഞ്ഞു.