ജയ്പുർ: രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം എൻഐഎ അന്വേഷിക്കും. ഇത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻഐഎയ്ക്ക് നിർദ്ദേശം നൽകി. എൻഐഎ പ്രത്യേക സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. സംഘടനകളുടെയും അന്താരാഷ്ട്ര ബന്ധങ്ങളും അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാലിന്‍റെ വിലാപയാത്ര ഉദയ്പൂരില്‍ ആരംഭിച്ചു.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്. രണ്ട് പ്രതികൾ ഇന്നലെ അറസ്റ്റിലായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും.