തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുൻപ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്‍റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.