പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയില്‍ ഊഷ്മള വരവേല്‍പ്പ്. ഹ്രസ്വ സന്ദര്‍ശനത്തിനായി ഇന്നുച്ചയോടെ അബുദബിയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയായ ശേഷം ഇത് നാലാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്. ജര്‍മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി ഹ്രസ്വ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയത്. തനിക്ക് നല്‍കിയ പ്രത്യേക പരിഗണനയ്ക്ക് ഷെയ്ക് മുഹമ്മദിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. തന്റെ സഹോദരനെന്നാണ് മോദി ട്വീറ്റില്‍ യുഎഇ ഭരണാധികാരിയെ വിശേഷിപ്പിച്ചത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരും മുതിര്‍ന്ന രാജകുടുംബാംഗങ്ങളും അടക്കമുള്ളവരും വിമാനത്താവളത്തിലെത്തിയിരുന്നു. പ്രസിഡന്റുമായും രാജകുടുംബാംഗങ്ങളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.