ഇന്ത്യയുടെ മുൻ ഹോക്കി താരം ബിരേന്ദ്ര ലക്രയ്ക്ക് സുഹൃത്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മരണമടഞ്ഞയാളുടെ ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി 28ന് ഭുബനേശ്വറിലെ ഒരു അപ്പാർട്ട്മെന്റിലാണ് 28കാരനായ ചെറുപ്പക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. നഗരത്തിൽ എത്തി അധികം വൈകാതെയായിരുന്നു ചെറുപ്പക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളുടെ മരണത്തിൽ ലക്രയ്ക്കും മഞ്ജീത് ടെട്ടെ എന്ന ഒരു യുവതിക്കും പങ്കുണ്ടെന്ന ആരോപണവുമായി മരിച്ചയാളുടെ പിതാവ് രംഗത്തെത്തി. യുവാവിനെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ അവിടെ ലക്രയും മഞ്ജീതും മാത്രമാണുണ്ടായിരുന്നതെന്നും തന്റെ മകന്റെ മരണത്തിൽ ഇരുവർക്കും പങ്കുണ്ടെന്നും പിതാവ് വ്യക്തമാക്കി.
















