തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ പറഞ്ഞ വാക്ക് പാലിച്ച് പഞ്ചാബിലെ ആം ആദ്മി സർക്കാർ.അടുത്ത മാസം മുതൽ വൈദ്യുതി സൗജന്യമായി നൽകുമെന്ന ധനകാര്യ മന്ത്രി ഹർപാൽസിംഗ് ചീമയുടെ പ്രഖ്യാപനമാണ് പാലിക്കപ്പെടാൻ പോകുന്നത്. 2022-23 വർഷത്തെ സംസ്ഥാന ബജറ്റ് വിധാൻ സഭയിൽ അവതരിപ്പിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബജറ്റിന് അന്തിമരൂപം നൽകുന്നതിന് മുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ചർച്ചകൾ നടത്തിഎന്നും അദ്ദേഹം പറഞ്ഞു.
20,384 നിർദേശങ്ങളാണ് പോർട്ടലിലൂടെ ലഭിച്ചത്. ജൂലൈ ഒന്ന് മുതൽ എല്ലാ വീടുകൾക്കും 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക. എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. നിലവിൽ പട്ടികജാതിക്കാർ, പിന്നോക്കക്കാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവർക്ക് മാസം തോറും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ട്.
വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്നും കർഷകർക്ക് സൗജന്യ വൈദ്യുതി തുടരുമെന്നും അന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വീടുകൾക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ തീരുമാനത്തെ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ അഭിനന്ദിച്ചിരുന്നു.