മഹാരാഷ്ട്രയിൽ 15 വിമത ശിവസേന എംഎൽഎമാർക്ക് കേന്ദ്രത്തിന്റെ വൈ പ്ലസ് സുരക്ഷ. വിമത എംഎൽഎമാരുടെ ഓഫീസുകളും മറ്റും ശിവസേന പ്രവർത്തകർ തകർക്കുന്നെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷിൻഡെ ക്യാമ്പിലെ എംഎൽഎമാർക്ക് കേന്ദ്രം സുരക്ഷയൊരുക്കിയത്. എന്നാൽ, വിമത എംഎൽഎമാരുടെ നേതാവ് ഏക്നാഥ് ഷിൻഡെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
ഒന്നോ രണ്ടോ കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 8 പേരാണ് വൈ പ്ലസ് സുരക്ഷയിലുള്ളത്. ദാദർ എംഎൽഎ ഉൾപ്പെടെ ചില വിമത ശിവസേനാ എംഎൽഎമാരുടെ വീടുകളിൽ സിആർപിഎഫിനെയും നിയോഗിച്ചിട്ടുണ്ട്. താനെ, ഡോംബിവ്ലി, കല്യാൺ, ഉൽഹാസ്നഗർ എന്നിവിടങ്ങളിലെ ഷിൻഡെ ക്യാമ്പുകളിലും പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.