രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ.കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് ആവശ്യം ഉന്നയിച്ചത്. നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഭരണഘടനാപരമായ അധികാരം നല്‍കണമെന്നാണ് ആവശ്യം.
അംഗീകാരമില്ലാത്ത പാർട്ടികൾ നടത്തുന്ന അഴിമതിയും മറ്റും കണ്ടെത്തി തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചില പാർട്ടികൾ കടലാസിലേ ഉള്ളൂവെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും കമ്മിഷൻ പറയുന്നു.ആദായ നികുതി ഒഴിവടക്കമുള്ള ആനുകൂല്യങ്ങൾ നേടാനിണിതെന്ന സംശയം കമ്മിഷൻ ഉന്നയിക്കുന്നു. കമ്മിഷന് പുതിയ അധികാരം ലഭിക്കണമെങ്കിൽ ജനപ്രാതിനിധ്യനിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.രജിസ്റ്റർ ചെയ്ത, എന്നാല്‍ അംഗീകാരമില്ലാത്ത 198 രാഷ്ട്രീയ കക്ഷികളെ ഈയിടെ കമ്മിഷൻ രജിസ്റ്ററിൽനിന്ന് നീക്കം ചെയ്തിരുന്നു. സൂക്ഷ്മപരിശോധനയിൽ ഈ പാർട്ടികൾ ഇല്ലെന്നാണ് ബോധ്യപ്പെട്ടതെന്ന് കമ്മിഷൻ പറയുന്നു.