മുംബൈ: ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേന വിമത എംഎൽഎ ഏക്നാഥ് ഷിൻഡെ. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയിലായിരുന്നു കൂടിക്കാഴ്ച.
പുതിയ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിമത വൃത്തങ്ങൾ നൽകുന്ന സൂചന. ശിവസേനാ ബാലസാഹെബ് താക്കറെ എന്ന പേരില്‍ ഷിൻഡെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഷിന്‍ഡെ വിമത എംഎല്‍എമാരുടെ യോഗം വിളിച്ച സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. വിമത എംഎല്‍എ ദീപക് കേസാര്‍ക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം വിമത എംഎല്‍എമാര്‍ ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെയുടെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ താക്കറെ പക്ഷം പ്രമേയം പാസാക്കി. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും താക്കറെ പറഞ്ഞു.