കോട്ടയം: കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കളക്ട്രേറ്റിലേക്ക് പ്രവർത്തകർ കല്ലെറിഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ എസ്പി ഓഫീസിലേക്ക് പ്രവർത്തകർ കൂട്ടമായി എത്തുകയായിരുന്നു.
വൻ പോലീസ് സന്നാഹം പ്രവർത്തകരെ തടഞ്ഞെങ്കിലും പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിട്ട് എസ്പി ഓഫീസ് കോബൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചു. രൂക്ഷമായി കല്ലേറുമുണ്ടായി. ഇതിനിടെ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനു പരിക്കേറ്റു.
ഇതോടെ പോലീസ് ലാത്തി വീശി. പ്രവർത്തകരെ ഓടിക്കാൻ പോലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
നൂറിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്തുള്ളത്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ വിരളിലെണ്ണാവുന്ന എണ്ണം പൊലീസ് സംഘമാണ് സ്ഥലത്തുള്ളത്.