മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) കസ്റ്റഡിയില്‍. മുംബൈയിലെ വീട്ടിലെത്തിയാണ് തീസ്തയെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ എന്‍ജിഒയുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണമെന്നാണ് പുറത്തുവരുന്ന വിവരം. ഗുജറാത്തിലെ അഡീഷണല്‍ ഡിജിപിയായിരുന്ന മലയാളി ഐപിഎസ് ഉദ്യോഗസ്ഥന് ആര് ബി ശ്രീകുമാറിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മുംബൈ ജുഹുവിലെ ഇവരുടെ വസതിയിലെത്തിയിരുന്നു. പിന്നീടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റ സെതൽവാദിനെ മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ഗുജറാത്ത് പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
ഗോദ്ര കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്ഷേപമുന്നയിച്ച് സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്നലെ തീര്‍പ്പാക്കിയിരുന്നു. ഹര്‍ജി പരിഗണിച്ച വേളയില്‍ രൂക്ഷമായ ഭാഷയിലാണ് ടീസ്റ്റയെ കോടതി വിമര്‍ശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടീസ്റ്റയെ എടിഎസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ കോടതിയിലെ സംഭവങ്ങളും ടീസ്റ്റയുടെ അറസ്റ്റും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വീട് പരിശോധിക്കാനെന്ന് പറഞ്ഞാണ് എടിഎസ് തീസ്തയുടെ മുംബൈയിലെ വീട്ടിലെത്തുന്നത്. പക്ഷേ തെരച്ചിലിനൊടുവില്‍ ടീസ്റ്റയ്ക്കെതിരായി ചില തെളിവുകള്‍ ലഭിച്ചുവെന്ന് പറഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ പീനൽ കോഡ് 468 പ്രകാരം സെതൽവാദടക്കമുള്ള നിരവധി പേർക്കെതിരെ പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ അഹമ്മദാബാദിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോകാനാണ് ഗുജറാത്ത് പൊലീസ് എത്തിയതെന്നുമാണ് ടീസ്റ്റയുമായി ബന്ധമുള്ള അഭിഭാഷകൻ നേരത്തെ വെളിപ്പെടുത്തിയത്. മൂന്നു മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്ന് ടീസ്റ്റയുടെ ഓഫീസ് അറിയിച്ചു.