ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന രീതിയിൽ കുറച്ചു ദിവസമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ പ്രചരിക്കുന്ന ഈ വാർത്ത തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്നാണ് ബിഎസ്എൻഎൽ അധികൃതർ പറയുന്നത്. മുപ്പത് ദിവസത്തേക്ക് ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാൻ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതിയെന്നും ഇത്തരത്തിൽ ഒരു വർഷത്തേക്ക് 228 രൂപയാണ് നൽകേണ്ടതെന്നുമാണ് പ്രചരിക്കുന്ന വാർത്തയിൽ പറയുന്നത്. എന്നാൽ വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അടുത്ത മാസം മുതൽ 228 രൂപയുടെയും, 239 രൂപയുടെയും റീചാർജ് പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. 228 രൂപയുടെ റീചാർജിൽ ലഭിക്കുന്നത് അൺലിമിറ്റഡ് കോളും, പ്രതിദിനം 2ജിബിയുടെ ഡേറ്റയുമാണ്. 2ജിബി പരിധി കഴിഞ്ഞാൽ 80കെബിപിഎസിന്റെ അൺലിബിമിറ്റഡ് ഡേറ്റയും ലഭിക്കും. 239 രൂപയുടെ പ്ലാൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് മേൽ പറയുന്ന സേവനങ്ങൾക്കൊപ്പം 10 രൂപ മെയിൻ ബാലൻസിലും ലഭിക്കും. ഇതോടെ ഇപ്പോൾ പ്രചരിക്കുന്ന ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാണ്.