ജർമ്മനിയിലെ ഷ്ലോസ് എൽമൗയിൽ നടക്കുന്ന ജി -7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജർമ്മനിയിൽ എത്തും . നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം.പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിച്ചേക്കും.
ജർമ്മനിയിലെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ജൂൺ 28 ന് മോദി യു.എ.ഇ സന്ദർശിക്കും. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കും