വാഷിങ്ടൻ: സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ തീരുമാനമെടുക്കാം.
സ്വന്തം ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് അട്ടമറിക്കപ്പെട്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തെ നിയന്ത്രിക്കാനുള്ള അവകാശം ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ജസ്റ്റിസ് സാമുവേല്‍ അലിറ്റോ പറഞ്ഞു.
റോ– വേഡ് വിധി റദ്ദാക്കണമെന്ന മിസിസിപ്പി സംസ്ഥാനത്തിന്റെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. 15 ആഴ്ച വളർച്ചയെത്തിയശേഷം നടത്തുന്ന ഗർഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമത്തിനും സുപ്രീം കോടതി പച്ചക്കൊടി കാട്ടി. ഇതോടെ, യുഎസിലെ പകുതിയോളം സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിരോധിക്കാൻ വഴിയൊരുങ്ങി.
ഗര്‍ഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്. വ്യാപക പ്രതിഷേധമാണ് കോടതിയ്ക്ക് പുറത്ത് വിധിക്കെതിരെ നടന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കോടതിയ്ക്ക് ചുറ്റും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.