തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. സംഭവ സ്ഥലത്ത് ചുമതലയിലുണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദേശിച്ചു.
പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.
ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസിലെ കമ്പ്യൂട്ടറുകളും മറ്റും തല്ലിത്തകർത്ത പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴനട്ടു. ഓഫീസിലെ ജീവനക്കാരന് അക്രമത്തിൽ പരിക്കേറ്റു.