യുവാക്കൾക്കിടയിൽ വളരെയേറെ പ്രചാരത്തിലുള്ള സമൂഹമാദ്ധ്യമമാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോസ് പങ്കുവച്ച് കൊണ്ട് ആരംഭിച്ച ഇൻസ്റ്റാഗ്രാം പതുക്കെ മെസേജിംഗും റീൽസ് പോലുള്ള വീഡിയോകളും ഉപഭോക്താക്കൾക്ക് നൽകി. ടിക്ടോക്കിന്റെ നിരോധനം ഏറ്റവും അധികം നേട്ടമുണ്ടാക്കി കൊടുത്തതും ഇൻസ്റ്റാഗ്രാമിനാണ്. ടിക്ക് ടോക്കിനെ നിരോധിച്ചതിന് പിന്നാലെ ഇൻസ്റ്റാഗ്രാം റീൽസ് എത്തിയത് ഇന്ത്യയിലെ നിരവധി ടിക് ടോക്ക് താരങ്ങൾ ഇൻസ്റ്റയിലേക്ക് ചുവട് മാറുന്നതിന് കാരണമായി. വർഷം തോറും പുതിയ അപ്ഡേറ്റുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഇൻസ്റ്റാഗ്രാം അത്തരത്തിലൊരു അപ്ഡേറ്റിന്റെ പണിപ്പുരയിലാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടെക്ക് രംഗത്ത് നിന്നുള്ള വാർത്തകൾ അനുസരിച്ച് 24 മണിക്കൂർ മാത്രം ആയുസ്സുള്ള മെസേജുകൾ ഉപഭോക്താക്കൾക്ക് അയയ്ക്കാൻ സാധിക്കുന്ന രീതിയിൽ ഇൻസ്റ്രാഗ്രാം ആപ്പിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്.
വാട്ട്സാപ്പ് സ്റ്റാറ്റസ് ആരംഭിച്ചത് ഇത്തരമൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണെങ്കിലും അത് പിന്നെ സ്റ്റാറ്റസ് വീഡിയോകൾ എന്ന തലം വരെ എത്തി. എന്നാൽ നിലവിൽ മെസേജുകൾ മാത്രമേ ഇൻസ്റ്റാഗ്രാം വഴി ഇത്തരത്തിൽ അയയ്ക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത്. നോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഈ മെസേജുകൾ ഇൻസ്റ്റാഗ്രാം വഴി സാധാരണ അയയ്ക്കുന്ന ഡയറക്ട് മെസേജുകൾ തന്നെയാണ്. അതിൽ നോട്ട്സ് എന്നൊരു ഓപ്ഷൻ കൂടിയുണ്ടാകുമെന്ന് മാത്രം. ഒരാൾക്ക് മാത്രമായോ ഒരു കൂട്ടം ആൾക്കാർക്കോ ഇത്തരത്തിൽ മെസേജുകൾ അയയ്ക്കാം. സന്ദേശം ലഭിക്കുന്നവർക്ക് തിരിച്ച് നോട്ട്സ് ആയോ അതല്ലെങ്കിൽ സാധാരണ മെസേജ് ആയോ മറുപടി അയയ്ക്കാം. നോട്ട്സ് ആയി അയയ്ക്കുന്ന സന്ദേശങ്ങൾ 24 മണിക്കൂറിന് ശേഷം മാഞ്ഞ് പോകും എന്ന വ്യത്യാസം മാത്രമേയുള്ളു. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.