ന്യൂഡല്‍ഹി: നാഷണല്‍ ഹെറാൾഡ് കേസില്‍ ജൂലൈ അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധിയോട് ഇഡി. എന്നാൽ തീയതി വ്യക്തമാക്കിയിട്ടില്ല. കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് സോണിയ ഗാന്ധി ഇ ഡിയെ അറിയിച്ചിരുന്നു.
കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയാ ഗാന്ധി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ സോണിയക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നു.
കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.
അതേസമയം ഇ.ഡി നടപടിക്കെതിരെ പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. എ.ഐ.സി.സി നിർദേശത്തെ തുടർന്ന് നേതാക്കളും എം.എൽ.എമാരും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.