കണ്ണൂര്‍: വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂര്‍ ഡി.സി.സിയില്‍ നിന്നാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ട്രാവല്‍ ഏജന്‍സിക്ക് ഇതുവരെ പണം കൊടുത്തിട്ടില്ലെന്നും ദിവ്യ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഡി.സി.സിയില്‍നിന്ന് വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് ട്രാവല്‍ ഏജന്‍സി ടിക്കറ്റ് ബുക്ക് ചെയ്തതന്നും ദിവ്യ പോസ്റ്റില്‍ കുറിച്ചു.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ഹൈക്കോടതി അനുവദിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്. മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിനു കാരണമായതെന്നു ഹൈക്കോടതി പറഞ്ഞു.
പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നു പറഞ്ഞു. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 13-ന് ആയിരുന്നു സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിഷേധം ശക്തമായിരിക്കേ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്രചെയ്യുന്നതിനിടെ തിരുവനന്തപുരത്ത് വെച്ച് വിമാനത്തില്‍ പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ചവരെ ഇ.പി ജയരാജന് തള്ളിമാറ്റുകയും പുറത്തിറങ്ങിയപ്പോള്‍ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.