കോളേജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് മുസ്ലീം വിദ്യാർത്ഥിനികൾ ടിസി വാങ്ങി. മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹിജാബ് നിരോധനത്തിനെതിരെ ഇവർ പ്രതിഷേധിച്ചിരുന്നു.
മംഗളൂരുവിലെ ഹമ്പക്കട്ട ക്യാമ്പസിനുള്ളിൽ 3 പെൺകുട്ടികളാണ് ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയത്. ഇവർ ഇതുസംബന്ധിച്ച് വാർത്താ സമ്മേളനവും നടത്തിയിരുന്നു. ഇതിൽ രണ്ട് കുട്ടികൾക്ക് എൻഒസി നൽകിയെന്നും ഒരാൾക്ക് ടിസി നൽകിയെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. പക്ഷെ കോളേജ് അധികൃതർ ഇത് അനുവദിക്കാനാകില്ലെന്ന കോടതിയുടെ വിധി ചൂണ്ടിക്കാട്ടി .
മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലെങ്കിൽ നിയന്ത്രണമില്ലാത്ത മറ്റ് കോളേജുകളിൽ ചേരാൻ അവർക്ക് അവസരം ഒരുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ കർണാടക ഹൈക്കോടതി, ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജികൾ തള്ളിയിരുന്നു. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യമായ ആചാരത്തിന്റെ ഭാഗമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.