ഭൂചലനത്തിൽ തകർന്ന അഫ്ഗാന് സാധ്യമായ എല്ലാ ദുരന്ത നിവാരണ സാമഗ്രികളും എത്രയും വേഗം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ജീവഹാനിയിലും നാശനഷ്ടങ്ങളിലും മോദി അനുശോചനം രേഖപ്പെടുത്തി.അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും നരേന്ദ്രമോദി അറിയിച്ചു.
സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ജീവൻ നഷ്ടപ്പെട്ടത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഭൂചലനത്തിൽ ആയിരത്തിൽ അധികം പേർ കൊല്ലപ്പെടുകയും 1500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ‘പതിറ്റാണ്ടുകളായി രാജ്യത്ത് ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്ന്’ എന്നാണ് സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പാക് അതിർത്തിയ്ക്കടുത്തുള്ള ഖോസ്ത് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചിരുന്നു.