മുംബൈ: പാർട്ടിയുടെയും ശിവസൈനികരുടെയും നിലനിൽപ്പിന് അസ്വാഭാവിക മുന്നണിയിൽ നിന്ന് പുറത്തുവരേണ്ടത് അത്യാവശ്യമാണെന്നും മഹാരാഷ്ട്രയുടെ താൽപര്യം മുൻനിർത്തിയാണ് ഇപ്പോൾ തീരുമാനങ്ങൾ എടുക്കേണ്ടതെന്നും വിമത ശിവസേനാ നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡേ. ശിവസേനയിലെ വിമത നീക്കം മഹാ വികാസ് അഗാഡി (എം.വി.എ.) യെന്ന എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യത്തിന്റെ ഭരണം നഷ്ടപ്പെടുത്തുന്ന ഘട്ടത്തിലെത്തിയിരിക്കേയാണ് ട്വിറ്ററിൽ ഷിൻഡേയുടെ പ്രതികരണം.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ എം.വി.എ. ഘടകകക്ഷികൾ മാത്രമാണ് സഖ്യ സർക്കാർ വഴി നേട്ടമുണ്ടാക്കിയതെന്നും ഘടകകക്ഷികൾ കൂടുതൽ ശക്തമാകുമ്പോൾ, ശിവസൈനികർ – ശിവസേന ആസൂത്രിതമായി പണയപ്പെടുത്തപ്പെടുകയാണെന്നും ഷിൻഡേ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരോപിച്ചു.
“It’s essential to get out of the unnatural alliance for the survival of the party,” tweets rebel Shiv Sena MLA Eknath Shinde#Maharashtra pic.twitter.com/6HFwCTKGwh
— ANI (@ANI) June 22, 2022
അതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങി. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് താക്കറെയുടെ മടക്കം. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയൊഴിയുന്നത്. നൂറുകണക്കിന് അണികളാണ് ഉദ്ധവ് താക്കറെയുടെ കുടുംബ വീട്ടിലും പടിയിറങ്ങുന്നതിനിടെ വര്‍ഷ ബംഗ്ലാവിലും എത്തിച്ചേര്‍ന്നത്. പുതിയൊരു സമ്മര്‍ദ തന്ത്രം എന്ന നിലയിലാണ് ഉദ്ധവ് വസതിയൊഴിയുന്നത്.
ഫേസ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് താക്കറെ രാജി സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.