ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് പുറത്തുവന്നിരുന്നു. 44,363 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ സംസ്ഥാനത്തെ ആകെ വിജയശതമാനം 99.6 ആയിരുന്നു. ഇപ്പോൾ പത്താംക്ലാസ് പരീക്ഷയിൽ തോറ്റുപോയ വിദ്യാർഥികൾ തങ്ങളുടെ മാർക് ലിസ്റ്റുമായി എത്തുകയാണെങ്കിൽ കുടുംബത്തോടൊപ്പം രണ്ടുദിവസത്തെ സൗജന്യ പാക്കേജ് കൊടൈക്കനാലിൽ ഒരു വിനോദസഞ്ചാരകേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “S. S. L. C. ഈ വർഷം തോറ്റവർ ഉണ്ടെങ്കിൽ ഉടനെ ബന്ധപെടുക… രണ്ടു ദിവസം ആഡംബര റിസോർട്ടിൽ സൗജന്യ താമസം… സൗജന്യ ഭക്ഷണം… സൗജന്യ യാത്ര… ഉടനെ വീഡിയോ കണ്ടു വേണ്ടത് ചെയ്യുക..,”എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പലരും ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് കഴിഞ്ഞ വർഷത്തെ വാർത്തയാണ്. ഈ കൊല്ലത്തെ ഫലപ്രഖ്യാപനത്തിനുശേഷം ഇങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് പോസ്റ്റിൽ പറയുന്ന ഹോംസ്റ്റേയുടെ അധികൃതർ അറിയിച്ചു.
ഒരു മാധ്യമ റിപ്പോർട്ടിനോടൊപ്പം സിനിമകളിലെ ഹാസ്യ രംഗങ്ങളും ചേർത്താണ് ഈ വീഡിയോ പലരും പ്രചരിപ്പിക്കുന്നത്. വീഡിയോയിലെ വാർത്താശകലത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ കാണാമായിരുന്നു. ചാനലിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിച്ച് എസ്എസ്എൽസി പരീക്ഷാ ഫലം വന്നതിനുശേഷം ഇങ്ങനെ റിപ്പോർട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. ബന്ധപ്പെട്ട കീവേർഡുകൾ ഉപയോഗിച്ച് ഞങ്ങൾ പേജിൽ തിരഞ്ഞപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട് കണ്ടെത്താനായി. എന്നാൽ ഈ വാർത്ത നൽകിയിരുന്നത് 2021 ജൂലൈ 16നായിരുന്നു. അതിനർത്ഥം മുൻ വർഷത്തെ പരീക്ഷാഫലത്തിന് ശേഷമായിരുന്നു ഇത്തരത്തിലൊരു ഓഫറുമായി കൊടൈക്കനാലിലുള്ള മലയാളിയുടെ ഹോംസ്റ്റേ മുന്നോട്ടുവന്നത് എന്ന് മനസ്സിലായി. ഇതോടെ എസ്എസ്എൽസി പരീക്ഷയിൽ തോറ്റുപോയ വിദ്യാർത്ഥികൾക്ക് കൊടൈക്കനാലിലെ ഹോംസ്റ്റേയിൽ കുടുംബത്തോടൊപ്പം രണ്ടുദിവസം സൗജന്യ താമസം ലഭ്യമാണ് എന്ന വാർത്ത പഴയതാണെന്ന് വ്യക്തമായി.