ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ സിപിഒ റെനീസിൻ്റെ സുഹൃത്ത് ഷഹാന അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് കേസിൽ ഷഹാനയെ പ്രതി ചേർത്തത്. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള നടപടി.ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിലെ കൂട്ടമരണത്തിൽ സിപിഒ റെനീസിനെതിരെ പുതിയ കേസ് എടുക്കാൻ തീരുമാനമായിരുന്നു. സിപിഒ റെനീസ് നിരവധിപേർക്ക് വട്ടിപലിശയ്ക്ക് പണം നൽകിയിരുന്നു. പലിശയ്ക്ക് നൽകാൻ കൂടുതൽ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യ നജ്ലയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്ക്ക് പണം നൽകിയതിന് കേസ് എടുക്കാൻ തീരുമാനിച്ചത്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലാണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റെനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.