ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ദ്രൗപതി മുർമുവിനെ തിരഞ്ഞെടുത്തു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപതി മുർമു. ഒഡീഷ സ്വദേശിയാണ് ഇവർ. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്.
ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. 1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിന്റെ ജനനം. സന്താൾ വശജയാണ് ഇവര്‍. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യവനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുർമു. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു.
2015 ലാണ് ദ്രൗപതിയെ ജാർഖണ്ഡിന്റെ ഗവർണറായി നിയമിക്കപ്പെട്ടത്. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണറായി ദ്രൗപതി മുർമു മാറി. 2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.
അതേസമയം കോൺഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ തീരുമാനിച്ചിരുന്നു. ഏകകണ്ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയത്.