ജൂണ്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടന്ന മൂന്നാമത് ലോക കേരളസഭാ സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടു നിന്നത് വലിയ വാര്‍ത്തയായിരുന്നു. സമ്മേളനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ പ്രതികരണവും നടത്തിയിരുന്നു. പ്രവാസി വ്യവസായി എം.എ യൂസഫലിയെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജി നടത്തിയ പ്രസ്ഥാവന സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാണ്. ഇതിന്റെ ചുവടുപിടിച്ച് ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. ‘ഇതേസമയം KM ഷാജി വിഭാഗവും MA യൂസുഫലി വിഭാഗവും തമ്മില്‍; ബിരിയാണിയില്‍ മുരിങ്ങാകോല്‍ കിട്ടിയതിനെചൊല്ലിയുണ്ടായ സംഘര്‍ഷം.’ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ അടുത്തിടെ കെ.എം ഷാജി നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടതല്ല. ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷത്തിന്റെ നടപടിയെ വ്യവസായി എം.എ യൂസഫലി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു യൂസഫലിയുടെ പേര് പരാമര്‍ശിക്കാതെ കെ.എം ഷാജി തിരിച്ചടിച്ചത്.
‘യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാന്‍ ശ്രമിക്കേണ്ട’ എന്നാണ് എം.എ യൂസഫലിയുടെ പേര് പറയാതെ കെ എം ഷാജി വിമര്‍ശിച്ചത്. എന്നാല്‍ ഷാജിയെ തള്ളി ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ലോക കേരളസഭയുടെ വേദിയില്‍ തന്നെ പ്രസ്ഥാവന നടത്തിയിരുന്നു. ഇത് സംഘടനയില്‍ ചില അഭിപ്രായ വ്യത്യാസത്തിനും കാരണമായി. എന്നാല്‍ ഈ വിഷയത്തിലാണോ സംഘര്‍ഷമുണ്ടായതെന്ന് അന്വേഷിച്ചു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. കുറെപ്പേര്‍ പരസ്പരം മര്‍ദ്ദിക്കുന്നതും ബഹളം വയ്ക്കുന്നതും കേള്‍ക്കാനാകും. പാശ്ചാത്തലത്തില്‍ ദുബായ് കെഎംസിസി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇതില്‍ നിന്ന് കെഎംസിസിയുടെ യോഗവേദിയാണ് ഇതെന്ന് മനസിലായി.
സംഭവത്തെ കുറിച്ച് അന്ന് മീഡിയ വണ്‍ നല്‍കിയ റിപ്പോര്‍ട്ട് താഴെ കാണാം;
മുസ്ലീം ലീഗിന്റെ പ്രവാസ ലോകത്തെ സാംസ്‌ക്കാരിക സംഘടനയാണ് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ എന്ന കെഎംസിസി. വിദേശ രാജ്യങ്ങളിലെല്ലാം ഇതിന് ശാഖകളുണ്ട്. ദുബായ് കെഎംസിസിയില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലഭ്യമായി. ഇതില്‍ നിന്ന് വീഡിയോ 2019ലേതാണെന്നും ഇപ്പോഴത്തെ ലോക കേരള സഭയോടനുബന്ധിച്ച് നടന്ന വിവാദ പരാമര്‍ശങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും മനസിലാക്കാനായി. ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ 2019ലേതാണെന്നും ഇതിന് എം.എ യൂസഫലിയെ പരോക്ഷമായി പരാമര്‍ശിച്ച് കെ.എം ഷാജി നടത്തിയ പ്രസ്ഥാവനയുമായി യാതൊരു ബന്ധവുമില്ലെന്നും ഇതോടെ വ്യക്തമാണ്.