പാകിസ്ഥാനിലെ പഞ്ചാബിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗികാതിക്രമകേസുകള്‍ വര്‍ധിച്ച സാഹചര്യത്തിൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നത് സമൂഹത്തിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായ പ്രശ്‌നമാണെന്നും പഞ്ചാബ് ആഭ്യന്തര മന്ത്രി അട്ട തരാര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ ലൈംഗികാതിക്രമം, ലൈംഗികദുരുപയോഗം, ബലപ്രയോഗം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് പ്രവിശ്യാ മന്ത്രിയെ ഉദ്ധരിച്ച് പാക് മാദ്ധ്യമമായ ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും ഇവരെ മേല്‍നോട്ടമില്ലാതെ വീടുകളില്‍ തനിച്ചാക്കരുതെന്നും തരാര്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
എല്ലാ കേസുകളും ബലാത്സംഗവും ക്രമസമാധാനവും സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി അവലോകനം ചെയ്യുമെന്നും പൗരസമൂഹം, സ്ത്രീ അവകാശ സംഘടനകള്‍, അധ്യാപകര്‍, അഭിഭാഷകര്‍ എന്നിവരുമായി കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഒട്ടേറെ കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുത്തതായും സ്‌കൂളുകളില്‍ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കും. സര്‍ക്കാര്‍ ബലാത്സംഗ വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചു.
















