കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്തിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരകൾ രംഗത്ത്. മൂന്നരലക്ഷം രൂപക്കാണ് കേരളത്തിലെ ഏജന്‍റ് തങ്ങളെ അറബി കുടുംബത്തിന് വിറ്റതെന്ന് തൃക്കാക്കര സ്വദേശി വ്യക്തമാക്കി. പ്രശ്നമുണ്ടാക്കിയാൽ ഐഎസിന് കൈമാറുമെന്നും പത്ത് വർഷം വെളിച്ചം കാണില്ലെന്നും ഏജന്‍റ് ഭീഷണിപ്പെടുത്തിയെന്ന് ഫോർട്ടു കൊച്ചിയിലെ ഇരയും വെളിപ്പെടുത്തി. കേസിൽ ഒരാൾ മാത്രമാണ് അറസ്റ്റിലായത്.
ഗൾഫ് രാജ്യങ്ങളിലേക്ക് സൗജന്യ വിസയും വിമാനടിക്കറ്റും. യുവതികൾക്ക് വാഗ്ദാനം 60000രൂപ ശമ്പളത്തിൽ കുഞ്ഞുങ്ങളെ നോക്കുന്ന ജോലി. എന്നാൽ നേരിട്ടത് പീഡനവും ദുരിതവും.തൃക്കാക്കര സ്വദേശി വെളിപ്പെടുത്തിയ അനുഭവത്തിൽ മറനീങ്ങുന്നത് ഞെട്ടിക്കുന്ന ചൂഷണം കൂടിയാണ് ഇത്.
















