സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗികാധിക്ഷേപം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ എക്സ് മുസ്ലിം ആക്ടിവിസ്റ്റും യൂട്യൂബറുമായ ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ കണ്ണൂര്‍ ചക്കരക്കല്ല് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. പ്രഭാഷകനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഡോ. അബ്ദുല്ല ബാസിലിന്റെ പരാതിയിലാണ് നടപടി. പ്രാഥമികമായി ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും, വിശദമായ അന്വേഷണത്തിനും നിയമോപദേശത്തിനും പിന്നാലെ കേസില്‍ കര്‍ശനമായ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കിയെന്ന വകുപ്പ് കൂടി ചേര്‍ത്താണ് ഇപ്പോള്‍ കേസ് എടുത്തിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും അടക്കമുള്ള കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാനും സ്ത്രീകളുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും തകര്‍ക്കാനും ശ്രമിച്ചതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാധിക്ഷേപങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി.ജി.പി ഓഫീസില്‍ നിന്നും നേരത്തെ പരാതിക്കാരന് ഉറപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് കേസിന്റെ വകുപ്പുകള്‍ കടുപ്പിച്ചത്. മുന്‍പും വിദ്വേഷ പ്രചാരണങ്ങള്‍ക്കും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കും ആരിഫ് ഹുസൈനെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

















