കോവിഡ്ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആശുപത്രി വാസം കഴിഞ്ഞെങ്കിലും വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരാകില്ല.ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം.
സോണിയയെ വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടർമാർ നിര്‍ദ്ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം 12നാണ് ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ഇഡി സോണിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ എട്ടിന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ജൂണ്‍ 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി പുതിയ സമന്‍സ് അയച്ചിട്ടുണ്ട്.
















