ഹിറ്റ്ലറെപ്പോലെ പെരുമാറുന്നയാള്‍ ഹിറ്റ്ലറെപ്പോലെ മരിക്കുമെന്ന് നരേന്ദ്ര മോദിക്കെതിരെ ശാപവാക്കുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുബോധ് കാന്ത് സഹായ്. അഗ്നിപഥ് പദ്ധതിയ്ക്കും രാഹുല്‍ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനും എതിരായി കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു സുബോധ് സഹായ്.
ഇതിനു പിന്നാലെ ഈ ശാപ വാക്കുകൾ വിവാദത്തിലായിരിക്കുകയാണ്. ഇത്തരം ഭരണഘടനാ വിരുദ്ധമായ ഭാഷ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ഉണ്ടെന്നാണ് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഇതിനെ കുറിച്ച് പ്രതികരിച്ചത് . മോദി ഹിറ്റ്ലര്‍ കി മൗത് മരേഗാ എന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.
പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അദ്ദേഹത്തെ ‘മൗത് കാ സൗദാഗര്‍ (മരണത്തിന്റെ വ്യാപാരി)’ എന്ന് വിളിച്ചിരുന്നുവെന്ന് എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
















