നിരവധി ഫീച്ചറുകളോടെ പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ ടെലഗ്രാമിൻ്റെ പ്രീമിയം വേർഷൻ നിലവിൽ. ടെലഗ്രാമിൻ്റെ നിലവിലുള്ള സൗകര്യങ്ങളൊക്കെ സൗജന്യമായിത്തന്നെ തുടരും. 4 ജിബി വരെ അപ്ലോഡ്, പ്രത്യേക സ്റ്റിക്കറുകൾ, വേഗതയുള്ള ഡൗൺലോഡുകൾ, വോയിസ് ടു ടെക്സ്റ്റ് സൗകര്യം തുടങ്ങി എണ്ണം പറഞ്ഞ ഫീച്ചറുകളാണ് പ്രീമിയം പതിപ്പിൽ ലഭിക്കുക.
പ്രീമിയം അക്കൗണ്ടുകളുടെ ഡൗൺലോഡ് വേഗത വർധിക്കും. ഒരു പ്രീമിയം യൂസറിന് പ്രമാവധി 1000 ചാനലുകൾ ഫോളോ ചെയ്യാനും 200 ചാറ്റുകൾ വച്ച് പരമാവധി 20 ചാറ്റ് ഫോൾഡറുകൾ രൂപീകരിക്കാനും സാധിക്കും. പ്രധാന ലിസ്റ്റിൽ 10 ചാറ്റുകൾ പിൻ ചെയ്ത് വെയ്ക്കാം. കൂടുതൽ സ്റ്റിക്കറുകളും പ്രീമിയം അക്കൗണ്ടുകൾക്ക് ലഭിക്കും. ലിങ്ക് ഉൾപ്പെടെ നീളം കൂടിയ ബയോ, മീഡിയ ക്യാപ്ഷനുകൾക്ക് കൂടുതൽ അക്ഷരങ്ങൾ, 400 എണ്ണം വരെ ജിഫുകൾ, 10 പുതിയ ഇമോജികൾ എന്നീ സൗകര്യങ്ങളും ഇവർക്ക് ലഭിക്കും. വോയിസ് മെസേജുകൾ ടെക്സ്റ്റിലേക്ക് മാറ്റാനും പ്രീമിയം യൂസർമാർക്ക് കഴിയും.
ഇന്ത്യയിൽ ടെലഗ്രാം പ്രീമിയത്തിൻ്റെ വാടക മാസം 469 രൂപയാണ്. ഇത് ഐഫോൺ ടെലഗ്രാമിൻ്റെ തുകയാണ്. ആൻഡ്രോയ്ഡ് പ്രീമിയത്തിൻ്റെ തുക ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. സൗജന്യമായി 2 ജിബിയാണ് ഇപ്പോൾ അപ്ലോഡ് ചെയ്യാവുന്ന പരമാവധി ഫയൽ സൈസ്. എന്നാൽ, പ്രീമിയത്തിൽ ഇത് ഇരട്ടിയാണ്. ടെലഗ്രാം പ്രീമിയം അക്കൗണ്ട് അപ്ലോഡ് ചെയ്യുന്ന 2 ജിബിക്ക് മുകളിലുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ അക്കൗണ്ടുകൾക്കും സാധിക്കും.