സൈബര്‍ സുരക്ഷിത ഇന്ത്യ കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് പരമപ്രധാനമാണെന്നു അമിത് ഷാ. സൈബര്‍ സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ബഹുജന അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഈ സമ്മേളനം സംഘടിപ്പിച്ചത്.
സൈബര്‍ സുരക്ഷയില്ലാതെ ഇന്ത്യയുടെ വികസനം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സൈബര്‍ സുരക്ഷ ദേശീയ സുരക്ഷയുടെ അവിഭാജ്യഘടകമാണ്, അത് ശക്തമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.ഇന്ത്യ എല്ലാ രംഗത്തും സൈബര്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഈ ശക്തി നമുക്ക് വലിയ വെല്ലുവിളിയായി മാറും.
സാങ്കേതികവിദ്യയിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഓരോ ഇന്ത്യക്കാരനും സ്വയം ശാക്തീകരിക്കപ്പെടണമെന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഡിജിറ്റല്‍ ഇന്ത്യ പരിപാടി മൂലം നമ്മുടെ ജീവിതത്തില്‍ ശാക്തീകരണവും നല്ല മാറ്റങ്ങളും ഉണ്ടായതായും നരേന്ദ്ര മോദിയുടെ മുന്‍കൈയില്‍ ഇന്ത്യ എല്ലാ മേഖലകളിലും മുന്നേറുകയാണെന്നും സാങ്കേതികവിദ്യയുടെ ഉപയോഗം എല്ലാ തലങ്ങളിലേക്കും വ്യാപിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി .
സൈബര്‍-സുരക്ഷിത ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം പൊതുബോധമാണ്. സാങ്കേതിക വിദഗ്ദ്ധരുടെ ഗവേഷണഫലങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് പൊതു ജനങ്ങളാണ്. ആളുകള്‍ക്ക് അവബോധമില്ലെങ്കില്‍ അത് പ്രയോജനകരമല്ലാതായി തീരുമെന്നും അമിത് ഷാ പറഞ്ഞു.
















