അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ നടക്കുന്ന സൈനിക റിക്രൂട്ട്മെന്റ് എന്റോള്‍മെന്റിന്റെ പൂര്‍ണമായ വിശദാംശങ്ങള്‍ പ്രതിരോധ വകുപ്പ്പുറത്തു വിട്ടു . റിക്രൂട്ട്മെന്റ് ടെസ്റ്റുകള്‍ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കാന്‍ സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി രാജ്യത്തെ യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.ശാരീരിക ക്ഷമതാ പരിശോധനകള്‍ക്കും അഗ്‌നിപഥ് സ്‌കീമിനെ സംബന്ധിച്ച വ്യവസ്തകള്‍ മനസ്സിലാക്കുന്നതിനും മൂന്ന് സേനകളും 45 മുതല്‍ 60 ദിവസം വരെ യുവാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
എന്റോള്‍ ചെയ്യുന്നതിന് മുമ്പ് പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ നടക്കുന്നതിനാല്‍ അക്രമത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍ക്ക് മൂന്ന് സര്‍വീസുകളിലും ചേരാനാകില്ലെന്ന് ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു. പ്രതിഷേധങ്ങളുടെ ഭാഗമല്ലെന്ന് ഓരോ വ്യക്തിയും സത്യവാങ്മൂലം എഴുതി നല്‍കണം.
ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രാജ്യത്തുടനീളം പദ്ധതി പ്രകാരം റിക്രൂട്ട്മെന്റ് റാലികള്‍ നടത്തും. ആര്‍മിയുടെ റിക്രൂട്ട്മെന്റ് പ്ലാനിന്റെ കരട് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 40,000 അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള 83 റിക്രൂട്ട്മെന്റ് റാലികള്‍ ഓഗസ്റ്റ് മുതല്‍ നടക്കും.
ഡിസംബറോടെ 25,000 അഗ്‌നിവീരന്മാര്‍ സൈന്യത്തില്‍ ചേരും. രണ്ടാമത്തെ ബാച്ച് 2023 ഫെബ്രുവരിയില്‍ സേനയുടെ ഭാഗമാകും.
സ്‌കീമിന് കീഴില്‍ ഇന്ത്യന്‍ നാവികസേന വനിതാ അഗ്‌നിവീരന്മാരെ സേനയുടെ ഭാഗമാക്കുന്നു. ജൂണ്‍ 25-നകം റിക്രൂട്ട്മെന്റിനുള്ള മാര്‍ഗരേഖ നാവിക ആസ്ഥാനം പുറത്തിറക്കുമെന്ന് വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി അറിയിച്ചു.’ഈ വര്‍ഷം നവംബര്‍ 21 മുതല്‍, ആദ്യത്തെ നാവിക അഗ്‌നിവീറുകള്‍ ഒഡീഷയിലെ പരിശീലന സ്ഥാപനമായ ഐഎന്‍എസ് ചില്‍കയില്‍ എത്താന്‍ തുടങ്ങും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇതിന് അനുമതിയുണ്ട്.’എന്നും വൈസ് അഡ്മിറല്‍ അറിയിച്ചു.
















