ഒരു പാഠപുസ്തകത്തിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. മഴയത്ത് നടന്നുപോകുന്ന അമ്മയും മകനുമാണ് ദൃശ്യങ്ങളില്‍. മഴ ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് ‘അമ്മ കുട്ടിയോട് ചോദിക്കുന്നു. കുട്ടി അറിയില്ലെന്ന് മറുപടി നൽകി. അപ്പോൾ അമ്മ അല്ലാഹുവാണ് മഴ തരുന്നത് എന്ന് കുട്ടിയോട് പറയുന്നു ഇതാണ് പാഠഭാഗം. ഇത് ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത്തരം പഠന രീതി മതസ്പര്‍ധ വളര്‍ത്തും എന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ വിവരണം. ചിലര്‍ ഇത് കേരള സിലബസില്‍ പഠിക്കാനുള്ള പുസ്തകമാണെന്ന രീതിയിലും പങ്കുവച്ചിട്ടുണ്ട്. പിണറായി താലിബാന് ഭരണമാണ് നടത്തുന്നതെന്നും ചിലർ വിമർശനം ഉന്നയിച്ചു. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ നിന്നുള്ള ദൃശ്യമല്ല.
പ്രചരിക്കുന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഒരു അമ്മയും മകനും കുട ചൂടി മഴയത്ത് നടക്കുകയാണ്. ദൂരെ വരാന്തയിലായി ഒരു പുരുഷന് ഇരുന്ന് പത്രം വായിക്കുന്നതും കാണാം. മുതിര്‍ന്നവര്‍ മുസ്ലീം വേഷങ്ങളാണ് ധരിച്ചിട്ടുള്ളത്. ഇത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പുസ്തകമാണോ എന്ന് അന്വേഷിച്ചു. എന്നാല്‍ ഇത് മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകമാണെന്ന സൂചന നല്കി. ഇതു പ്രകാരം തിരഞ്ഞപ്പോള്‍ കെഎന്‍എം(കേരള നദ്വത്തുല് മുജാഹിദീന്‍) പുറത്തിറക്കുന്ന മദ്രസാ ബാലപാഠാവലിയാണ് ചിത്രത്തിലുള്ളതെന്ന് മനസിലായി.
പലരും പുസ്തകത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കെഎന്‍എം വെബ്സൈറ്റുകളില്‍ തിരഞ്ഞപ്പോള്‍ 2020ലെ പുസ്തകത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന പുസ്തകം ലഭിച്ചില്ല. തുടര്‍ന്ന് ഞങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഈ പുസ്തകം പഠിക്കാന്‍ സഹായിക്കുന്ന ഒരു യുട്യൂബ് വീഡിയോ ലഭ്യമായി. 2021ല്‍ അപ്ഡേറ്റ് ചെയ്ത വീഡിയോ ആയതിനാല്‍ ഇത് 2021ലെ പുസ്തകമാണെന്ന് ഉറപ്പിക്കാം. ഇതോടെ ഇത് സ്കൂളിൽ പഠിപ്പിക്കുന്നതല്ല, ഇത് ഇസ്ലാമിക ബാലപാഠാവലി എന്ന പേരിലുള്ള മദ്രസ പുസ്തകമാണെന്ന് ഇതോടെ വ്യക്തമായി.