തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു.
















