തിരുവനന്തപുരം: യുവാക്കളുടെ ആശങ്കകൾ പരിഗണിച്ച് അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യതാത്പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
“അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ ഇന്ത്യയിലെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണ്. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് സ്കീം നിർത്തിവെക്കാനും വിമർശനങ്ങളെ അഭിസംബോധന ചെയ്യാനും നമ്മുടെ യുവാക്കളുടെ ആശങ്കകൾ ശരിയായി പരിഗണിക്കാനും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.”- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Protests erupting against the Agnipath Scheme is a clear indication of the sentiments of India’s youngsters. In the interest of our country, requested the Hon.@PMOIndia to put the scheme on hold, address criticism by professionals and duly consider the apprehensions of our youth.
— Pinarayi Vijayan (@pinarayivijayan) June 18, 2022
അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തില്‍ വിദ്യാർഥി- യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എൻട്രൻസ് പരീക്ഷ വൈകുന്നതിനെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർഥികൾ മാർച്ച് നടത്തി. ഒന്നര വർഷം മുൻപ് ഫിറ്റ്നസ് ടെസ്റ്റും മെഡിക്കലും കഴിഞ്ഞിട്ടും പ്രവേശന പരീക്ഷ നടത്തുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
അഗ്നിപഥ് സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സി പി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഗ്നിപഥ് പിൻവലിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രകമ്മിറ്റി യോഗം ചർച്ച ചെയ്തു. പ്രതിപക്ഷം ഒരുമിച്ചു ഒരു സ്ഥാനാർഥിയെ നിർത്തുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
21ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നുണ്ട്. പിബി അംഗങ്ങളുടെ സംഘടനാ ചുമതല സംബന്ധിച്ചും തീരുമാനം എടുത്തതായും സീതാറാം യെച്ചൂരി വ്യക്തമാക്കി.
















