ഉത്തർപ്രദേശിൽ നിന്നുള്ളത് എന്ന നിലയിൽ ഒരു വീഡിയോ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ‘ഇതാണ് യു.പി പോലീസിന്റെ മാജിക് സ്പർശന മാത്രയാൽ അംഗവൈകല്യം ഉള്ളയാൾ എഴുന്നേറ്റ് നടക്കുന്നു’, എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പലരും ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുന്നത്. എന്നാൽ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ ഉത്തർപ്രദേശിൽ നിന്നോ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്നോ പകർത്തിയതല്ല. പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ളതാണിത്. റോഡിൽ പരിശോധന നടത്തവേ വീൽചെയറിലിരിക്കുന്ന വികലാംഗനായ ഒരാളോടൊപ്പം നീങ്ങുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുന്നതും, തുടർന്ന് പരിശോധനയിൽ വികലാംഗനായി അഭിനയിക്കുക ആയിരുന്ന ആളെ വീൽചെയറിൽനിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു സ്വാഭാവികമായി നടത്തുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.
ഉത്തർപ്രദേശ് പോലീസിൻറെ ഇടപെടൽമൂലം തട്ടിപ്പുകാർ പിടിയിലായി എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോയുടെ കീ ഫ്രെയിമുകൾ ഗൂഗിൾ റിവേഴ്സ് സെർച്ച് ചെയ്ത് പരിശോധിച്ചപ്പോൾ ചില ട്വിറ്റർ ലിങ്കുകളാണ് ആദ്യം ലഭ്യമായത്. ഇവയിൽ ചിലത് പാകിസ്ഥാനിലെ മാധ്യമപ്രവർത്തകരുടേതായിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ഇവരെല്ലാം റീട്വീറ്റ് ചെയ്തിരുന്നതുകൊണ്ടാണ് ഇവ ലഭ്യമായത്.
തുടർന്നുള്ള അന്വേഷണത്തിൽ എല്ലാ പ്രൊഫൈലുകളും ഇത് റീട്വീറ്റ് ചെയ്തിരിന്നത് ലാഹോർ പോലീസിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് മനസ്സിലാക്കാനായി. ‘ക്യാപ്പിറ്റൽ സിറ്റി പോലീസ് ലാഹോർ’ എന്ന അക്കൗണ്ടിൽ നിന്ന് 2022 ജൂൺ പതിനൊന്നിനാണ് ഈ വീഡിയോ പുറത്തുവിട്ടിരുന്നത്. യുപിയിൽ നിന്നുള്ളത് എന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോയുടെ മെച്ചപ്പെട്ട നിലവാരത്തിലുള്ള ഒന്നായിരുന്നു ഇത്.
ഉർദുവിൽ നൽകിയിരുന്ന ട്വീറ്റിന്റെ ഉള്ളടക്കം ഞങ്ങൾ പരിശോധിച്ചപ്പോൾ ബാഗ്ബൻപുര പൊലീസ് വികലാംഗനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയിരുന്ന ആളെ അറസ്റ്റ് ചെയ്ത വിവരമായിരുന്നു ഇതെന്ന് കണ്ടെത്തി. വികലാംഗനായി അഭിനയിച്ച് വീൽചെയറിൽ ഇരുന്നുകൊണ്ട് ഇയാളും ഒപ്പമുണ്ടായിരുന്ന സ്ത്രീയുംകൂടി ഭിക്ഷാടനം നടത്തുകയായിരുന്നു എന്നാണ് ട്വീറ്റിൽ പറയുന്നത്. ഉദ്യോഗസ്ഥൻ പരിശോധിക്കുമ്പോൾ ഇയാൾ എഴുന്നേറ്റ് നിൽക്കുന്നത് കാണാം എന്നും ഈ കുറിപ്പിൽ ചേർത്തിട്ടുണ്ട്. ‘ഡിഐജി ഓപ്പറേഷൻസ് ലാഹോർ പോലീസ്’ എന്ന ഫേസ്ബുക് പേജിൽനിന്ന് ജൂൺ 12ന് സമാനമായ വിവരണത്തോടൊപ്പം ഇതേ വീഡിയോ അപ്ലോഡ് ചെയ്തിരുന്നതും കണ്ടെത്താനായി. ഈ പോസ്റ്റിൽനിന്നും അഹമ്മദ് റാസ ആണ് അറസ്റ്റിലായതെന്ന് കണ്ടെത്താനായി. അയാളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന സ്ത്രീയും പോലീസ് പിടിച്ചതായി ഈ പോസ്റ്റ് പറയുന്നുണ്ട്. അതുകൊണ്ട് യുപി പോലീസിന്റെ സാമർത്യത്തെ പ്രതികീർത്തിച്ചുകൊണ്ടു പലരും ഷെയർ ചെയ്യുന്ന വീഡിയോ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് ഇതോടെ വ്യക്തമായി.
پولیس اہلکار کے چیک کرنے پرجعلی معذور تندرست ہوگیا۔
باغبانپورہ پولیس نے جعلی بھکاری کا ڈھونگ رچانے والا گداگر گرفتار کر لیا،
خاتون جعلی، فرضی معذورگدا گرکو وہیل چیئر پر بھی بٹھا کر بھیک مانگ رہی تھی۔
فوٹیج میں جعلی بھکاری وہیل چیئر سے صیحح حالت میں کھڑا نظر آرہا ہے۔ pic.twitter.com/JLupUmbFA0
— Capital City Police Lahore (@CcpoLahore) June 11, 2022