തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌കരിച്ച യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെയല്ല, പ്രവാസികളെയാണ് യുഡിഎഫ് ബഹിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തന്നോടൊപ്പം പ്രതിപക്ഷ നേതാവടക്കം പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക കേരള സഭയോട് പുറം തിരിഞ്ഞ് നിൽക്കുകയല്ല വേണ്ടത്. ഏത് തരം ജനാധിപത്യമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അറിയില്ല. രാഷ്ട്രീയ കാരണമാണ് ബഹിഷ്കരണത്തിന് കാരണമെന്ന് പറയുന്നു. പക്ഷേ, ചെല്ലാനത്തെ പരിപാടിയാൽ ഹൈബി ഈഡൻ ഉണ്ടായിരുന്നു, മറ്റൊരു പരിപാടിയിൽ പ്രതിപക്ഷ നേതാവും പങ്കെടുത്തു. എംപിമാരുടെ കോൺഫറൻസിൽ പങ്കെടുക്കാനും രാഷ്ട്രീയം തടസ്സമായില്ല. ഉരുകിത്തീരുന്ന മെഴുകുതിരിയായ പ്രവാസികളെ ബഹിഷ്കരിച്ചത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാർ പ്രവാസികൾക്കൊപ്പമുണ്ടെന്ന് ബഹിഷ്കരിച്ചവർ ഓർക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
‘ബഹിഷ്‌കരിക്കുന്നവര്‍ ചിന്തിക്കണം, 62 രാജ്യങ്ങളില്‍ നിന്നും 22 സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയ പ്രതിനിധികള്‍ പ്രകടിപ്പിച്ച ഐക്യവും മനപ്പൊരുത്തവും മനസ്സിലാക്കാതെ പോകരുത്. അത് മനസ്സിലാക്കാന്‍ നിങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരുണ്ട്. ആ സത്യത്തിന്റെ സൂര്യവെളിച്ചത്തിന് മുന്നില്‍ നിങ്ങള്‍ക്ക് മറക്കാവുന്നതേയുള്ളൂ ഒറ്റപ്പെട്ട ബഹിഷ്‌കരണത്തിന്റെ സ്വരം. യൂസഫലി ചില കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കി. അതിന്റെ പേരില്‍ ചിലര്‍ അദ്ദേഹത്തെ അധിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്’ – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ നൽകി പങ്ക് അവിസ്മരണീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക നന്മയ്ക്കായി പ്രവർത്തിക്കുന്നവരാണ് ലോകത്തെ മലയാളികൾ. പ്രവാസികളുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ കലോത്സവം അതത് മേഖലയിൽ ആലോചിക്കും. ലോക കേരള സഭ പ്രാദേശികമായി സംഘടിപ്പിക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭ വലിയ മാറ്റം ഉണ്ടാക്കി. ലോക കേരള സഭയിലെ നിർദ്ദേശങ്ങൾ പ്രായോഗികമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11 പ്രമേയങ്ങൾ ലോക കേരള സഭ അംഗീകരിച്ചു. ഈ പ്രമേയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി അവതരിപ്പിച്ച സമീപന രേഖയും ലോക കേരള സഭ അംഗീകരിച്ചു.
















