ഇടത്-ജിഹാദി-അര്‍ബന്‍ നക്‌സല്‍ ഗ്യാംങ്ങിന്റെ നേതൃത്വത്തിലുള്ള സമരമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.അഗ്‌നിപഥിനെതിരായി നടക്കുന്ന സമരം നരേന്ദ്രമോദിയെ എതിര്‍ക്കുന്നവരാണെന്നും ഇത് അവരുടെ സ്ഥിരം കലാപരിപാടിയാണെന്നും അഗ്‌നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണെന്നുമാണ് കോട്ടയത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞത്.
ഇവര്‍ ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീം ആണ്. രാജ്യത്തെ ക്യാമ്പസുകളിലും തെരുവുകളിലും ഇന്ത്യാവിരുദ്ധ സമരം നടത്തി പരാജയപ്പെട്ടവരാണിവര്‍. തിടുക്കപ്പെട്ടാണ് അഗ്‌നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തെ ബൃഹത്തായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
സമരക്കാരോട് കേന്ദ്ര സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. അതുകൊണ്ടാണ് ഈ വര്‍ഷം പ്രായപരിധി ഉയര്‍ത്തിയത്. സംസ്ഥാന ഫോഴ്‌സുകളിലും അര്‍ദ്ധ സൈനിക ഫോഴ്‌സുകളിലും അഗ്‌നിവീരന്‍മാര്‍ക്ക് സംവരണം ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചില ആര്‍മി റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തിപ്പുകാര്‍ക്ക് മാത്രമേ അഗ്‌നിപഥ് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
















