മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘര്‍ഷത്തിലേക്ക്. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. മാര്‍ച്ച് ഉത്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മടങ്ങിയതിന് പിന്നാലെ തന്നെ സമരക്കാര്‍ സെക്രട്ടറിയേറ്റിന്റെ സമര ഗേറ്റിലേക്ക് നീങ്ങി ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ തടഞ്ഞ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ ഉണ്ടായ സംഘര്‍ഷത്തിൽ പോലീസ് ലാത്തിച്ചാര്‍ജും നടത്തി.
മുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രകോപനവുമുണ്ടായാല്‍ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.സമരക്കാര്‍ പോലീസിന് നേരേ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു.സമരക്കാരെ പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചു.എന്നാൽ പോലീസ് അകാരണമായി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം . ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
















