തിരുവനന്തപുരം: മൂന്ന് സേനകളിലേക്കുമുള്ള റിക്രൂട്ട്മെന്‍റിനായി പുതുതായി ‘അഗ്നിപഥ്’ എന്ന കേന്ദ്രസർക്കാർ പദ്ധതിക്കെതിരെ കേരളത്തിലും വൻ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടക്കുന്നത് കൂറ്റൻ റാലിയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. ‘അഗ്നിപഥ്’ സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. കോഴിക്കോട്ടും അഗ്നിപഥിനെതിരെ പ്രതിഷേധപ്രകടനം ഇപ്പോൾ നടത്തുന്നുണ്ട്.
രാവിലെ 9.30-യോടെയാണ് തമ്പാനൂരിൽ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികൾ തടിച്ചുകൂടിയത്. പോകെപ്പോകെ പ്രതിഷേധമാർച്ചിലേക്ക് നിരവധിപ്പേർ എത്തി. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് സാഹചര്യം മൂലം ആർമി റിക്രൂട്ട്മെന്‍റുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു.
















