വാഷിങ്ടണ്‍: ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് അംഗീകാരം നല്‍കി യുഎസ്. ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡിഎ) അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നല്‍കിയത്.
ആറ് മാസത്തിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മൊഡോണയുടെ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാനാണ് അംഗീകാരം. ആറ് മാസത്തിനും നാല് വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കും. ഇരുകമ്പനികളുടെയും അപേക്ഷ പരിഗണിച്ച് യുഎസ് ഫുഡ് ആന്‍ഡ് ഗ്രഡ് അഡ്മിനിസ്‌ട്രേഷന്‍ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമെടുത്തത്.
നിരവധി രക്ഷിതാക്കളും ഡോക്ടര്‍മാരും കുട്ടികളുടെ വാക്‌സിനായി കാത്തിരിക്കുകയാണ്. പുതിയ നടപടി ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡിന്റെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് സുരക്ഷ നല്‍കാന്‍ സഹായിക്കുമെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി റോബര്‍ട്ട് കാലിഫ് പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുന്നതിന് മുമ്പ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വിഭാഗത്തിന്റെ ശുപാര്‍ശ കൂടിവേണം. വിദഗ്ധരടങ്ങിയ ഉപദേശക സമിതിയുടെ യോഗത്തിന് ശേഷമേ അന്തിമ അനുമതി ലഭിക്കു. ഈ യോഗം ഉടന്‍ ചേരുമെന്നാണ് വിവരം. അതേസമയം എഫ്ഡിഎ തീരുമാനമെടുത്താല്‍ ഉടന്‍ തന്നെ 10 ദശലക്ഷം ഡോസ് വാക്‌സിന്‍ രാജ്യത്തുടനീളം അയക്കുമെന്നും തുടര്‍ന്നുള്ള ആഴ്ചകളില്‍ കൂടുതല്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നും യുഎസ് ഗവണ്‍മെന്റ് അറിയിച്ചു.
















