സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത സ്വപ്നയുടെ ചിത്രം എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. നവദമ്പതികൾക്കും മുഖ്യമന്ത്രി, ഭാര്യ കമല, മുൻ വ്യവസായ-കായിക മന്ത്രി ഇപി ജയരാജൻ എന്നിവർക്കും ഒപ്പം സ്വപ്‌ന ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് വൈറലായ ചിത്രത്തിൽ കാണുന്നത്. എന്നാൽ വൈറലായ ഈ ചിത്രം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ചിത്രം മോർഫ് ചെയ്തതാണ്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ സ്വപ്ന പങ്കെടുത്തിരുന്നില്ല.
ചിത്രം സെർച്ച് ചെയ്തപ്പോൾ ജൂൺ 15 2020 ന് ‘ന്യൂസ് 18 മലയാളം’ വീണയുടെ വിവാഹം റിപ്പോർട്ട് ചെയ്ത ഒരു വാർത്തയിൽ ഇപ്പോൾ വൈറലായ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പ് കണ്ടെത്താൻ സാധിച്ചു. ജയരാജനും അന്നേദിവസം ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. രണ്ട് ചിത്രങ്ങളും സൂക്ഷ്മമായി പരിശോധിച്ചാൽ വൈറലായ ചിത്രം മോർഫ് ചെയ്തതാണെന്ന് വ്യക്തമാകും. ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ മുഖം മാറ്റി പകരം സ്വപ്നയുടെ മുഖം ചേർത്തിരിക്കുകയാണ്. ഭാര്യയുടെ ചിത്രം മോർഫ് ചെയ്‌തതിന് യൂത്ത് കോൺഗ്രസ്, ആർഎസ്‌എസ് നേതാക്കൾക്കെതിരെ ജയരാജൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനാൽ പ്രചാരത്തിലുള്ള സ്വപ്നയുടെ ചിത്രം മോർഫ് ചെയ്തതാണെന്ന് വ്യക്തമാണ്.
















