പട്‌ന: സൈന്യത്തിലേക്കുള്ള നിയമനം കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. രാജ്യത്തെ മുന്നൂറിലധികം തീവണ്ടി സര്‍വീസുകളെ ബാധിച്ചിട്ടുണ്ട് പ്രതിഷേധം.
ബിഹാറില്‍ ശനിയാഴ്ച വിദ്യാര്‍ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഞായറാഴ്ച വരെ വിച്ഛേദിച്ചിട്ടുണ്ട്. 316 ട്രെയിനുകളാണ് രാജ്യവ്യാപകമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.
ഇന്ന് മാത്രം 10 ട്രെയിനുകള്‍ക്ക് അക്രമകാരികള്‍ തീയിട്ടു. മധേപുരയിലെ ബിജെപി ഓഫിസിനും പ്രതിഷേധക്കാര്‍ തീയിട്ടു. നസറാമില്‍ സംഘര്‍ഷത്തിനിടെ പൊലീസുകാരന്റെ കാലിന് വെട്ടേറ്റു. നാളെ കേരളത്തിലൂടെ സര്‍വീസ് നടത്തേണ്ട രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. പട്‌ന-എറണാകുളം വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസുമാണ് റദ്ദാക്കിയ ട്രെയിനുകള്‍.
പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. ഡല്‍ഹിയിലും പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തെലങ്കാനയിലും ട്രെയിനിന് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന വിമര്‍ശനവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നു.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലേക്ക് അഗ്നിപഥ് പ്രതിഷേധാഗ്നി കത്തുമ്പോഴും പദ്ധതിയുമായി മുന്നോട്ടെന്ന പ്രഖ്യാപനമാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് ദിവസത്തിനുള്ളിൽ അഗ്നിപഥ് പദ്ധതിയിൽ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കരസേന മേധാവി വ്യക്തമാക്കി. ഈ വർഷം ഡിസംബറോടെ പരിശീലനം തുടങ്ങുമെന്നും ജനറൽ പാണ്ഡെ പറഞ്ഞു. 2023 പകുതിയോടെ ഇവർ സേനയിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി ഇന്ത്യയിലെ യുവാക്കൾക്ക് വലിയ അവസരമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി അഗ്നിവീർ അംഗങ്ങളുടെ പ്രായപരിധി ഉയർത്തിയതോടെ കൊവിഡ് മഹാമാരിയിൽ ഇനി ഈ സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ പലർക്കും സൈന്യത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
അതേസമയം അഗ്നിപഥ് പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ നടത്തിയും പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സംസ്ഥാനങ്ങളുടെ ക്രമസമാധാന നില തെറ്റിക്കാനും കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
















