തിരുവനന്തപുരം: ബിജെപി നേതാവിനെ ഇടുക്കി ദേവികുളം സബ് കോടതിയിൽ ഗവണ്മെന്റ് പ്ലീഡറും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിച്ച സംസ്ഥാന സർക്കാർ നടപടി വിവാദമായതിനെ തുടർന്നു നിയമനം റദ്ദാക്കി ഉത്തരവിറക്കി. ബിജെപി നേതാവിനെ നിയമിച്ച നടപടിക്കെതിരേ പ്രാദേശിക സിപിഎമ്മിലും എൽഡിഎഫിലും അഭിപ്രായ ഭിന്നത പുറത്തായതോടെ നിയമനം റദ്ദാക്കി നിയമ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും ഒബിസി മോർച്ച ജില്ലാ സെക്രട്ടറിയുമായ പി.കെ. വിനോജ്കുമാറിനെയാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി സംസ്ഥാന സർക്കാർ നിയമിച്ചത്.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ടു ജൂണ്‍ ഒൻപതിന് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പി.കെ. വിനോജ്കുമാറിനെ ദേവികുളം സബ് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു സർക്കാർ ഉത്തരവിറക്കിയത്.
















